ലക്നൗ: ഇന്ത്യയുടെ ദേശീയ ടീം ജഴ്സി അണിയാൻ പുത്തൻ താരോദയം. ലക്നൗ ഇടം കൈയൻ പേസർ മൊഹ്സിൻ ഖാനാണ് ഇന്ത്യയുടെ ഭാവി പേസറെന്ന് ഒറ്റ ദിവസംകൊണ്ട് പേരെടുത്തത്.
വ്യത്യസ്ത ആക്ഷനും വേഗവും കൊണ്ട് പേസർമാർ അരങ്ങുവാഴാൻ ശ്രമിക്കുന്ന ഐപിഎൽ സീസണിൽ ലൈനും ലെങ്തും കൃത്യതയുമായി അരങ്ങുവാഴുകയാണ് മൊഹ്സിൻ.
2026 ഐപിഎൽ സീസണിലെ ആദ്യ അഞ്ച് വിക്കറ്റ് നേട്ടം കൊയ്താണ് താരം ശ്രദ്ധ നേടിയത്. ട്വന്റി20 ക്രിക്കറ്റിലെ ആദ്യ അഞ്ച് വിക്കറ്റ് നേട്ടം ആഘോഷിച്ച താരം കോൽക്കത്ത നൈറ്റ റൈഡേഴ്സിന്റെ മുൻനിരയെ എറിഞ്ഞിട്ടാണ് ദേശീയ ടീമിൽ സ്പേസിനായി അവകാശവാദം ശക്തമാക്കുന്നത്.
നാല് ഓവറിൽ 23 റണ്‍സ് വഴങ്ങിയാണ് താരം അഞ്ച് വിക്കറ്റ് നേടിയത്. ഒരു ഓവർ മെയ്ഡനുമായിരുന്നു. ടിം സീഫെർട്ട് ആയിരുന്നു മൊഹ്സിന്റെ ആദ്യ ഇര. പിന്നാലെ കോൽക്കത്ത ക്യാപ്റ്റൻ അജിങ്ക്യ രഹാനെ, കാമറോണ്‍ ഗ്രീൻ, റോവ്മാൻ പവൽ, അങ്കുൾ റോയ് എന്നിവരെയും മൊഹ്സിൻ വീഴ്ത്തി.
ഈ സീസണിൽ നാല് ഇന്നിംഗ്സുകളിൽനിന്ന് ഒന്‍പത് വിക്കറ്റുകൾ മൊഹ്സിൻ സ്വന്തമാക്കിക്കഴിഞ്ഞു. 90 പന്തുകളിൽ കൂടുതൽ എറിഞ്ഞ ബൗളർമാരിൽ താരത്തിന്റെ ഇക്കണോമി റേറ്റ് (6.37) ആണ്. ശരാശരി (11.33), സ്ട്രൈക്ക് റേറ്റ് (10.6), ഡോട്ട്-ബോൾ ശതമാനം (51) ബൗളിംഗിന്റെ എല്ലാ മേഖലയിലും മികച്ച നിലവാരം.
സീസണിലെ ആദ്യ മത്സരത്തിൽ പരിക്കേറ്റതിനെ തുടർന്ന് നാല് മത്സരങ്ങൾ താരത്തിന് നഷ്ടമായിരുന്നു. ഫിറ്റ്നസ് വളരെക്കാലമായി അദ്ദേഹത്തിന് വെല്ലുവിളിയായിരുന്നു.
2022 സീസണിൽ അരങ്ങേറ്റം കുറിച്ച മൊഹ്സിൻ ഒന്‍പത് മത്സരങ്ങളിൽനിന്ന് 5.96 എന്ന ഇക്കോണമി റേറ്റിൽ 14 വിക്കറ്റുകൾ വീഴ്ത്തിയിരുന്നു. പരിക്കുകൾ താരത്തിന് വെല്ലുവിളിയായി. കഴിഞ്ഞ വർഷത്തെ ഐപിഎൽ പൂർണമായും നഷ്ടമായി.
ഫിറ്റ്നസ് ദീർഘകാലത്തേക്ക് നിലനിർത്തുകയാണ് മൊഹ്സിന്‍ മുന്നിലുള്ള വെല്ലുവിളി. പ്രതിഭ തെളിയിച്ച താരത്തിന് ഉടൻ ദേശീയ ടീമിൽ ഇടം പിടിക്കാനാകുമെന്ന് മുൻ താരം സഞ്ജയ് ബംഗാർ പറഞ്ഞു.